Tuesday, May 7, 2013


1 comment:

pappansonly said...

മരുഭൂമിയിലെ വെയിൽ

മരുഭൂമിയിലെ വെയിലിനു
ഒരു പ്രത്യേകതയുണ്ട്‌.
ഈ വെയിലടിച്ചാൽ
സ്വപ്നങ്ങളും,
പ്രാരാബ്ദങ്ങളും ചേർന്ന്
കാഴ്ച്ചയെ മറയ്ക്കും

പിന്നെ മരീചികയാണ്‌
നാട്ടിലെ.കാഴ്ചകൾ
ചിലപ്പോൾ മുന്നിൽ
തൊട്ടു മുന്നിൽ
പണിതീരാത്ത വീടു കാണും
സത്യമാണു
ഒട്ടകങ്ങൾക്ക്‌ തീറ്റ കൊടുക്കുന്ന
കാദർ പറഞ്ഞതാണ്‌.
അയാൾ കണ്ട മരീചികയിൽ
കെട്ടിക്കാറായ മകൾ
ഒരു നവ വധുവായി
ചിരിക്കുന്നുണ്ടത്രേ.

മരുഭൂമിയിലെ വെയിലിനു
മറ്റൊരു പ്രത്യേകത
അത്‌ ചോരയെ വിയർപ്പായും
വിയർപ്പിനെ പണമായും
മാറ്റുന്നുവത്രേ
പക്ഷേ
ആ വിയർപ്പ്‌ കടലു കടക്കുമ്പോൾ
അത്തറിന്റെ മണം വരുമത്രെ

മരുഭൂമിയിലെ വെയിൽ
ശരീരത്തിൽ ഏൽക്കുന്ന
പകലുകളിൽ
കുബൂസിനു ബിരിയാണിയുടെ മണം
തൈരിനു തേനിന്റെ രുചി
സത്യം
മണൽക്കൂനയിൽ
മൺ വെട്ടികൊണ്ട്‌
സ്വപ്നങ്ങൾ കെട്ടി ഉയർത്തുന്ന
തമിഴൻ ഇന്നലെ പറഞ്ഞതാണ്‌
എന്നാലും
എനിക്ക്‌ സങ്കടം അതല്ല
നാട്ടിലേയ്ക്കുള്ള പെട്ടിയിൽ
ഒരൽപ്പം
മരുഭൂമിയിലെ വെയിൽ
മകനെയും ഭാര്യയെയും
കാണിക്കണം
അവനു വാങ്ങിയ പുതിയ ഐപോഡിനും
ലാപ്‌ ടോപിനും
ഹോം തീയറ്ററിനും അടിയിൽ
ഇനി സ്ഥലമില്ല
അല്ലെങ്കിലും
അവർക്ക്‌ ഇതൊന്നും ഇഷ്ടപ്പെടില്ലായിരിക്കും.